മോഹന്‍ലാലും യേശുദാസും നീണ്ട ഇടവേളയ്ക്ക് ശേഷം ഒറ്റ ഫ്രെയിമില്‍. അമേരിക്കന്‍ യാത്രക്കിടെ പകര്‍ത്തിയ ചിത്രം മോഹന്‍ലാലാണ് തൻ്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുത്ത് ഗാനഗന്ധര്വ്വന് കുടുംബസമേതം അമേരിക്കയിലാണ് ഏറെക്കാലമായി താമസം. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോഹന്‍ലാല്‍ യേശുദാസിന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു. “ഗാനഗന്ധർവൻ്റെ വസതിയിൽ… പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ” എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും ശബ്ദ സംവിധാനത്തിന്റെയും ജോലികൾ അമേരിക്കയിലാണ് നടക്കുന്നത്.