തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം

At Malayalam
1 Min Read

ഇന്നലെ മാനന്തവാടി നഗരത്തിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വകുപ്പ്. വാഹനത്തിൽ വെച്ച് തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിർജലീകരണം സംഭവിച്ചിരുന്നോ എന്ന കാര്യം പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷമേ സ്ഥിരീകരിക്കാനാകൂ. മണിക്കൂറുകൾ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞു, പിന്നെ മയക്കുവെടിയേറ്റു. തുടർന്ന് ബന്ദിപ്പൂരിലേക്ക് രാത്രി തന്നെ കൊണ്ടുവന്നു. ഇതെല്ലാം ആനയുടെ ആരോഗ്യം മോശമാക്കിയിരിക്കാമെന്നും രമേഷ് കുമാർ ഐഎഫ്എസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

- Advertisement -

തണ്ണീർക്കൊമ്പൻ ദൗത്യം നടപ്പിലാക്കിയതിൽ കേരള വനംവകുപ്പിനെ അദ്ദേഹം പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ആനയ്ക്ക് അൽപസമയം വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അഭിപ്രായപ്പെട്ടു. രാത്രിക്ക് രാത്രി ആനയെ കർണാടകയിലേക്ക് മാറ്റേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തണ്ണീർക്കൊന്റെ പോസ്റ്റ്‍മോർട്ടം നടപടികൾ രാമപുര ആന ക്യാമ്പിൽ തുടങ്ങിയിട്ടുണ്ട്. കേരള – കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ്‍മോർട്ടം നടത്തുന്നത്.

Share This Article
Leave a comment