അനിതരസാധാരണമായ കർമശേഷിയും നേതൃപാടവവുമാണ് വെള്ളാപ്പള്ളി നടേശനെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും എസ് എൻ ഡി പി യോഗാംഗങ്ങൾക്ക് തലയുയർത്തി പിടിച്ചു നിൽക്കാൻ അവസരമൊരുക്കിയതും വെള്ളാപ്പള്ളിയാണെന്നും മുഖ്യമന്ത്രി. എസ് എൻ ട്രസ്റ്റ്, എസ് എൻ ഡി പി യോഗം എന്നിവയുടെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ ആഘോഷപരിപാടികളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തേയും പിണറായി വിജയൻ യോഗത്തിൽ പരാമർശിച്ചു. വെള്ളാപ്പള്ളി ഒരു മതത്തിനും എതിരായല്ല അവിടെ പ്രസംഗിച്ചത്. ആ പ്രസംഗം കേട്ടവർക്കു മനസിലാകും അതൊരു രാഷ്ട്രീയ പാർട്ടിയെയാണ് പരാമർശിച്ചതെന്ന്. ആ പാർട്ടിയുടെ ചില പ്രചാരവേലക്കാർ അതിനെ മതത്തിനെതിരെ വെള്ളാപ്പള്ളി പറഞ്ഞു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്ക് വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല ശേഷിയുണ്ട്. നാവിൽ സരസ്വതീ വിലാസവും ഏറെ കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി പ്രചാരവേലക്കിറങ്ങിയവർക്കും അതറിയുകയും ചെയ്യാം.
ഗുരുവിൻ്റെ ചിന്തകൾക്ക് പ്രസക്തിയേറുന്ന കാലമാണിത്. ഗുരു എതിർത്തതിനെയൊക്കെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുണ്ട്. ചില പ്രചാര വേലകളിലൂടെ അവർ അതിനു കോപ്പുകൂട്ടുകയാണ്. ഇവിടെ പള്ളി മുറ്റത്ത് ക്ഷേത്രത്തിലെ പൊങ്കാലയിടുന്ന നാടാണ്. അതിനെ തകർക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിനനുവദിക്കില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.