2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം ഏപ്രില്‍ 16 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും. പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബ്‌ളെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യൂ, സംഗീത് പ്രതാപ് തുടങ്ങി 48 ചലച്ചിത്ര കലാകാരൻമാർ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
മന്ത്രിമാർ, എം എൽ എമാർ എന്നിവർക്കു പുറമേ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി വി ചന്ദ്രന്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, രചനാ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഡോ : ജാനകി ശ്രീധരന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവരും പങ്കെടുക്കും.
പുരസ്‌കാര സമര്‍പ്പണത്തിനുശേഷം സ്റ്റീഫന്‍ ദേവസ്സിയുടെ സോളിഡ് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമുണ്ട്.