രാജ്യത്തെ സാധാരണക്കാർക്കിട്ട് മുട്ടൻ പണി കൊടുത്ത് കേന്ദ്രസർക്കാർ. പാചക വാതകത്തിന് 50 രൂപയും പെട്രോൾ, ഡീസൽ എന്നിവയ്ക്ക് 2 രൂപയും കൂട്ടിയിട്ടുണ്ട്. അതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു നിൽക്കുമ്പോഴാണ് ഈ ക്രൂരത എന്നോർക്കണം. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനാപദ്ധതിയിൽ 500 രൂപക്ക് സിലിണ്ടർ കിട്ടിക്കൊണ്ടിരുന്നവർ ഇനി 550ഉം പദ്ധതിക്കു പുറത്തുള്ള വലിയ വിഭാഗം ആളുകൾ 803 രൂപക്ക് കിട്ടുന്ന സിലിണ്ടർ ഒന്നിന് ഇനി 853 രൂപയും കൊടുക്കണം.
എണ്ണക്കമ്പനികൾക്ക് വൻ നഷ്ടമുള്ളതുകൊണ്ടാണ് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ഉയർത്തിയതെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അവകാശവാദം. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് 10 ഡോളർ കുറഞ്ഞപ്പോഴാണ് മന്ത്രിയുടെ വിചിത്രമായ ഈ വാദം. യഥാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് ഇന്ധനം വിലക്കുറച്ച് നൽകേണ്ട സാഹചര്യം നിലവിലുള്ളപ്പോഴാണ് സർക്കാർ രാജ്യത്തെ ജനങ്ങളോട് ഈ ക്രൂരത കാണിക്കുന്നത്.