കളഞ്ഞു കിട്ടിയ എ ടി എം ഉപയോഗിച്ച് പണം എടുത്തതിന് ബി ജെ പി യുടെ ബ്ലോക് പഞ്ചായത്തംഗം അറസ്റ്റിലായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട തിരുവൻവണ്ടൂർ ഡിവിഷനിൽ നിന്നുള്ള അംഗമായ സുജന്യ ഗോപിയാണ് അറസ്റ്റിലായത്. റോഡു വക്കിൽ നിന്നും കാർഡ് കളഞ്ഞു കിട്ടിയത് സലീഷ് എന്ന ഓട്ടോ ഡ്രൈവർക്കാണ്. ഇയാൾ കാർഡ് സുജന്യ ഗോപിയെ ഏൽപ്പിക്കാനായി എത്തിയിരുന്നു. എന്നാൽ ജന പ്രതിനിധി എന്ന നിലയിൽ കാർഡ് പൊലിസിനെ ഏല്പിക്കുകയോ മറ്റു നിയമാനുസൃത നടപടികൾ സ്വീകരിക്കാനോ സുജന്യ തയ്യാറായില്ല.സലീഷിനേയും കൂട്ടി എ റ്റി എം ൽ എത്തി 25,000 രൂപ പിൻവലിച്ചു. കാർഡിൻ്റെ പിന്നിൽ എഴുതിയിരുന്ന പിൻ നമ്പർ ഇവർക്ക് കാര്യങ്ങൾ എളുപ്പത്തിലാക്കി.
ചെങ്ങന്നൂർ സ്വദേശിയായ വിനോദ് ഏബ്രഹാമിൽ നിന്നും നഷ്ടപ്പെട്ടതായിരുന്നു എ റ്റി എം കാർഡ്. വിനോദ് പൊലിസിൽ പരാതിപ്പെടുകയും പണം പിൻവലിച്ചതായി മൊബയിൽ ഫോണിൽ വന്ന മെസേജ് കാട്ടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സുജന്യയും സലീഷും പിടിയിലായത്.