ജി സുധാകരൻ കോൺഗ്രസ് വേദിയിൽ, ശശി തരൂരിന് വിമർശനം

At Malayalam
1 Min Read

ഏതെങ്കിലും രണ്ട് രാജ്യങ്ങളിൽ അവിടത്തെ അംബാസിഡർ ആയാൽ ഉടനേ ഒരാൾ വിശ്വപൗരനാകില്ലെന്ന് മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കോൺഗ്രസ് പാർട്ടി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി – ഗുരു സമാഗമ ശതാബ്ദി ആഘോഷങ്ങളിൽ ക്ഷണിതാവായി എത്തി സംസാരിക്കുകയായിരുന്നു ജി സുധാകരൻ. അത്തരത്തിൽ നോക്കിയാൽ ജവഹർലാൽ നെഹ്റു വിശ്വപൗരനായിരുന്നു. രാഷ്ട്രീയക്കാരനായിപ്പോയാൽ സത്യം പറയാൻ കഴിയില്ലെന്ന അവസ്ഥയുണ്ടെന്നും സുധാകരൻ. ചരിത്രം വിസ്മൃതിക്കു വേണ്ടിയുള്ളതാണെന്ന് ചിലരെങ്കിലും കരുതുന്നതായും സനാതന ധർമം എന്നാൽ ആർ എസ് എസ് അല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സി പി ഐയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി ദിവാകരനും പങ്കെടുത്തിരുന്നു. താൻ കോൺഗ്രസ് വേദിയിൽ പുതിയ ആളല്ലെന്നും ഇന്ന് ജി സുധാകരനാണ് വേദിയിൽ പ്രാധാന്യമെന്നും ദിവാകരൻ പറഞ്ഞു. ജി സുധാകരനേയും സി ദിവാകരനേയും വേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണക്കറ്റ് പുകഴ്ത്തുകയും ചെയ്തു. തിരികെ ദിവാകരൻ സതീശനേയും വേദിയിൽ ഉണ്ടായിരുന്ന രമേശ് ചെന്നിത്തലയേയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.

കുറച്ചു നാളുകളായി മുഖ്യമന്ത്രി പിണറായി വിജയനേയും സി പി എം നേയും ജി സുധാകരൻ വിമർശിക്കുന്നുണ്ട്. ശശി തരൂർ ആകട്ടെ പിണറായി വിജയനേയും ഇടതു സർക്കാരിനേയും പുകഴ്ത്തുന്ന തിരക്കിലുമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമൊത്തു നിൽക്കുന്ന ഫോട്ടോ ശശിതരൂർ നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതൊക്കെയാവാം ജി സുധാകരൻ കോൺഗ്രസ് വേദിയിലെത്തി സതീശനേയും രമേശിനേയും പുകഴ്ത്തിയതും ശശി തരൂരിനെ ഇകഴ്ത്തിയതിനും കാരണം എന്ന് കരുതുന്നവരുമുണ്ട്.

Share This Article
Leave a comment