മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണത് നാട്ടുകാരിൽ ഭീതിയ്ക്കിടയാക്കി. കഴിഞ്ഞ ദിവസം റോഡുവക്കിലുള്ള കാഞ്ഞിരമരത്തിൽ ചേക്കേറിയിരുന്ന ഇരുപതോളം വവ്വാലുകളാണ് ചത്തു വീണത്. ഇവയുടെ സാമ്പിൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ബാക്കിയുള്ള വവ്വാലുകൾ റോഡു വക്കിലുള്ള കാഞ്ഞിരമരത്തിൽ തൂങ്ങിക്കിടക്കുന്നതും നാട്ടുകാർക്ക് ഭീഷണിയായി.
നാട്ടുകാർ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും വനം വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തു വീണത്. കൊടും ചൂട് താങ്ങാനാകാതെയാകാം വവ്വാലുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും പൂനെയിൽ നിന്നുള്ള പരിശോധനാ ഫലം കൂടി ലഭ്യമായാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. ചത്ത വവ്വാലുകളെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കുഴിച്ചിട്ടു.