കൊല്ലത്തു നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിനു പിന്നാലെ അർഹമായ സ്ഥാനം കിട്ടിയില്ല എന്നതിൽ വിവാദം ഉയർത്തിയ പാർട്ടിയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പത്മകുമാറിനെതിരായ നടപടി വെള്ളിയാഴ്ച തീരുമാനിക്കുമെന്നറിയുന്നു. പാർട്ടിക്കെതിരായ പത്മകുമാറിൻ്റെ പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. നടപടിയിലെ തീരുമാനം അന്നുതന്നെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കും. തുടർന്നാവും നടപടിയുണ്ടാവുക.
പാർട്ടിയിലെ മുതിർന്ന അംഗമെന്ന നിലയിലും എം എൽ എ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് തുടങ്ങിയ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള ഒരു നേതാവിൽ നിന്നുണ്ടാകേണ്ടുന്ന വാദങ്ങളല്ല പത്മകുമാർ ഉയർത്തിയത് എന്ന പൊതുവായ വികാരമാണ് പാർട്ടിയിൽ പൊതുവേയുള്ളത്. സംസ്ഥാന സമിതിയിൽ എല്ലാവരേയും അംഗങ്ങളാക്കാൻ സാധിക്കുകയില്ല എന്നതും പാർട്ടിയുടെ നയപരിപാടികളെ സംബന്ധിച്ച് മികച്ച ധാരണയുള്ള ഒരു സഖാവ് നടത്തേണ്ടുന്ന പരാമർശങ്ങളല്ല പത്മകുമാറിൽ നിന്നുണ്ടായതെന്നും പാർട്ടിയിൽ പൊതുവികാരമുണ്ട്.