സി പി എം നോട് പിണങ്ങി നിൽക്കുന്ന മുൻ എം എൽ എയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എ പത്മകുമാറിനെ വലവീശി പിടിയ്ക്കാൻ വട്ടമിട്ട് ബി ജെ പി നേതാക്കൾ. ബി ജെ പി യുടെ പത്തനംതിട്ടയിലെ പ്രമുഖരായ നേതാക്കൾ ഇന്നലെ പത്മകുമാറിൻ്റെ വസതിയിലെത്തി ചർച്ച നടത്തി. കൂടാതെ ബി ജെ പി യുടെ മുതിർന്ന സംസ്ഥാന നേതാക്കൾ പത്മകുമാറുമായി ഫോണിൽ സംസാരിച്ചതായും വിവരമുണ്ട്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ബി ജെ പി നേതാക്കളോ പത്മകുമാറോ വെളിപ്പെടുത്താൻ തയ്യാറായതുമില്ല.
സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ബുധനാഴ്ച ചേരുന്നുണ്ട്. അതിൽ പത്മകുമാർ വിഷയം സജീവ ചർച്ചയിൽ വരികയും ചെയ്യും. മുതിർന്ന സംസ്ഥാന നേതാക്കൾ കൂടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളതായും അറിയുന്നു. ഈ യോഗത്തിനു ശേഷമാകും പത്മകുമാർ കൂടുതൽ എന്തെങ്കിലും പറയാൻ തയ്യാറാകൂ.
തന്നെ സംസ്ഥാന സമിതിയിൽ പരിഗണിക്കാതിരുന്നതിനേക്കാൾ പത്മകുമാറിനെ അസ്വസ്ഥനാക്കിയത് വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയതാണ്. താൻ സി പി എം ൻ്റെ തെരത്തെടുക്കപ്പെട്ട സ്ഥാനങ്ങൾ ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പാർടി അനുവദിച്ചാൽ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ താൻ തയ്യാറാണന്നും പത്മകുമാർ പറഞ്ഞിരുന്നു.