കേരളത്തിൻ്റെ വികസനകാര്യത്തിൽ ശശി തരൂർ എം പി പറഞ്ഞതാണ് ശരിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹത്തിൻ്റെ പാർട്ടിക്കാർക്ക് അതത്ര ദഹിച്ചിട്ടില്ലെങ്കിലും ശരി ശരിയല്ലാതാകില്ലല്ലോ എന്നും പാർട്ടി സെക്രട്ടറി. കേരളത്തിൽ തുടർച്ചയായി മൂന്നാമതും ഇടതു മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം ആവർത്തിച്ചു.
മുസ്‌ലിം ലീഗ് ഒരു പിന്തിരിപ്പൻ ശക്തിയാണ്. ജമാ അത്തെ ഇസ്‌ലാമി – എസ് ഡി പി ഐ സംഘങ്ങളുടെ തടവറയിലാണ് ലീഗ്. കോൺഗ്രസാകട്ടെ ഇവരെ പിൻപറ്റിയാണ് നിലനിൽക്കുന്നത്. വികസന പരിപാടികൾ നടപ്പിലാക്കിയപ്പോൾ ജനങ്ങൾ ഇടതു മുന്നണിക്ക് ഒപ്പം നിന്നു. ഉടൻ പ്രതിപക്ഷം വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും എതിരായി. വികസന പദ്ധതികൾ സാമ്പത്തിക പരാധീനതകൾക്കിടയിലും തുടരുക തന്നെ ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.