എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റിവ് വാർഡിലെ കോൺക്രീറ്റ് പാളികൾ രോഗികളെ കിടത്തിയിരുന്ന കട്ടിലിലേക്ക് അടർന്നു വീണു. 12 ദിവസം പ്രായമുള്ള കുട്ടിയും അമ്മയും തരനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടക്കുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും അവരുടെ കൂട്ടിരിപ്പുകാരുമായി നിരവധി പേർ വാർഡിൽ ഉണ്ടായിരുന്നതായാണ് വിവരം.
ഭിത്തിയിലെ കോൺക്രീറ്റു പാളികൾ അടർന്നു വീണ ഉടൻ തന്നെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെത്തി വാർഡിൽ ഉണ്ടായിരുന്ന രോഗികളേയും കൂട്ടിരിപ്പുകാരെയും അവിടെ നിന്ന് ഒഴിപ്പിച്ചു. പോസ്റ്റ് ഓപ്പറേറ്റിവ് വാർഡ് പ്രവർത്തിക്കുന്ന കെട്ടിടം പോലെ തന്നെ ജനറൽ ആശുപത്രിയിലെ മറ്റു ചില കെട്ടിടങ്ങളുടെ അവസ്ഥയും ദയനീയമാണെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.