ഇരുചക്ര വാഹന യാത്രികനു നേരേ പുലിയുടെ ആക്രമണം. ഇന്ന് രാവിലെ 8 മണിയോടെ മലപ്പുറം ജില്ലയിലെ മമ്പാടാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടത്. നടുവക്കാട് സ്വദേശി മുഹമ്മദാലിയാണ് ഭാഗ്യത്തിൻ്റെ പിന്തുണ കൊണ്ടു മാത്രം ഇപ്പോൾ ജീവിച്ചിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനായി ഇരുചക്ര വാഹനത്തിൽ ടൗണിലേക്കു പോയ മുഹമ്മദാലിയുടെ ശരീരത്തിലേക്ക് റോഡു വക്കിലെ കുറ്റിക്കാട്ടിൽ നിന്നും പുലി ചാടി വീഴുകയായിരുന്നു.
പുലിയുടെ ലക്ഷ്യം അല്പം മാറിയതാണോ മുഹമ്മദാലിയുടെ ഭാഗ്യമാണോന്നറിയില്ല മുഹമ്മദാലിയുടെ കാലിൽ പുലിയുടെ നഖങ്ങൾ കൊണ്ട് ശക്തമായി വരവീണതൊഴിച്ചാൽ മറ്റപകടങ്ങൾ ഒന്നും സംഭവിച്ചില്ല. പുലിയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ വീണ മുഹമ്മദാലിയെ പിന്നീട് ഉപദ്രവിക്കാൻ നിൽക്കാതെ പുലി ഓടി മറഞ്ഞു. പുലിനഖം കൊണ്ടുണ്ടായ മുറിവു മാത്രമേ മുഹമ്മദാലിയുടെ ദേഹത്തുണ്ടായുള്ളു. പരിക്കേറ്റ മുഹമ്മദാലി മമ്പാട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.