സി പി എം ലെ കണ്ണൂർ ആധിപത്യത്തിനെതിരെ രൂക്ഷ വിമർശനം. കൊല്ലത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. മെറിറ്റ് മെറിറ്റ് എന്നൊക്കെ പറയുന്നുണ്ടങ്കിലും കാര്യം വരുമ്പോൾ പ്രധാന സ്ഥാനങ്ങളിലെല്ലാം കണ്ണൂർക്കാരെ വയ്ക്കുന്ന പതിവ് പാർട്ടിയിൽ തുടങ്ങിയിട്ട് കുറച്ചുകാലമായന്നും വിമർശനമുയർന്നു. പാർട്ടിയിലും മന്ത്രിമാരുടെ ഓഫിസുകളിൽ പോലും കണ്ണൂർക്കാരുടെ കടന്നുകയറ്റമാണെന്നും പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധി വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ഒഴികെ മറ്റൊരു മന്ത്രിയും ശരാശരി നിലവാരം പോലും പുലർത്തുന്നില്ലെന്ന് ഒരു പ്രതിനിധി തുറന്നടിച്ചു. ഇതിൻ്റെയെല്ലാം തിരിച്ചടി മുഖ്യമന്ത്രി ഒറ്റയ്ക്ക് നേരിടണം. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരു മന്ത്രിയുടേയും നാവു പൊന്തുന്നില്ലെന്നും വിമർശനമുയർന്നു.
ദിവസങ്ങളായി സംസ്ഥാനത്തെ ആശാപ്രവർത്തകർ സെക്രട്ടേറിയറ്റ് നടയിൽ സമരം കിടക്കുമ്പോൾ പി എസ് സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിച്ചത് സ്വന്തം കാലിൽ സ്വയം വെടിവയ്ക്കുന്നതുപോലെ ആയിപ്പോയെന്ന് മറ്റൊരു പ്രതിനിധി പറഞ്ഞു. അടിസ്ഥാന തൊഴിലാളിവർഗത്തിനിടയിൽ നിന്നുയർന്നു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി വൻകിട വ്യാവസായിക പദ്ധതികളോട് താല്പര്യം കാണിക്കുന്നത് മൊത്തത്തിലുള്ള നയം മാറ്റത്തിൻ്റെ ഭാഗമാണോ എന്ന് വിശദീകരിക്കണമെന്ന് മറ്റൊരു പ്രതിനിധി ആവശ്യമുന്നയിച്ചു.
സ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളിലും പാർട്ടിക്ക് ആത്മാർത്ഥതയോ സത്യസന്ധതയോ ഇല്ലെന്ന് മുൻ എസ് എഫ് ഐ നേതാവുകൂടിയായ വനിതാ നേതാവ് പറഞ്ഞു. കയർ തൊഴിലാളികളോട് ഈ സർക്കാരിന് പുച്ഛമാണെന്ന് മറ്റൊരു മുതിർന്ന നേതാവും കുറ്റപ്പെടുത്തി.