ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പരീക്ഷയിൽ വിജയിച്ച ഈഴവ സമുദായത്തിൽപ്പെട്ട യുവാവിനെ കൂടൽ മാണിക്യ ക്ഷേത്രത്തിൽ മാലകെട്ട്, കഴകം ജോലികൾക്ക് നിയോഗിച്ചതിൽ തന്ത്രിമാരുടെ പ്രതിഷേധം കണക്കിലെടുത്ത് ജോലിയിൽ നിന്ന് യുവാവിനെ മാറ്റിയത് വിവാദമാകുന്നു. ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു, ബോർഡ് നിഷ്ക്കർഷിച്ച പരീക്ഷ എഴുതി വിജയിച്ച് കഴകം തസ്തികയിൽ കഴിഞ്ഞ മാസം 24 നാണ് ജോലിയിൽ പ്രവേശിച്ചത്.
ഈഴവ സമുദായാംഗമായ ബാലു ശരിയായ രീതിയിലാണ് ജോലിയിൽ എത്തിയതെങ്കിലും ആറോളം തന്ത്രിമാർ ബാലുവിനെതിരെ ദേവസ്വം ബോർഡിനു കത്തു നൽകിയിരുന്നു. കൂടാതെ വാരിയർ സമാജവും നിയമനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പാരമ്പര്യ കഴക അവകാശികളെ മാറ്റി ഈഴവ സമുദായാംഗത്തെ നിയമിച്ചതാണ് പ്രതിഷേധത്തിനു കാരണം. ബാലുവിൻ്റെ നിയമനം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നടത്തിയതാണ് എന്ന നിലപാടാണ് തുടക്കത്തിൽ ബോർഡ് കൈക്കൊണ്ടത്. എന്നാൽ തന്ത്രിമാർ ക്ഷേത്ര ചടങ്ങുകളിൽ നിന്നു വിട്ടു നിന്ന് പ്രതിഷേധിച്ചത് പ്രതിസന്ധി സൃഷ്ടിച്ചു.
ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ നടക്കേണ്ടുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ പ്രതിഷേധം ബാധിക്കുമെന്ന നില വന്നപ്പോളാണ് താത്ക്കാലികമായി ബാലുവിനെ ചുമതലകളിൽ നിന്നു ബോർഡ് മാറ്റി നിർത്തിയത്. കഴിഞ്ഞ ദിവസം തന്ത്രിമാരും ബോർഡ് അധികൃതരും യോഗം ചേർന്നിരുന്നു. ഇതു സംബന്ധിച്ച കേസിൻ്റെ വിധി വരുന്നതു വരെ ബാലുവിനെ കഴകം ജോലിയിൽ നിന്ന് മാറ്റി നിർത്താൻ യോഗത്തിൽ ധാരണയായതായാണ് വിവരം. എന്നാൽ ബാലുവിനെ മാറ്റി നിർത്തിയത് ജോലി ക്രമീകരണത്തിനു വേണ്ടി എന്നാണ് ബോർഡ് പറയുന്നത്.