ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍ ; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

At Malayalam
1 Min Read

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മാന ഗ്രാമത്തിലെ ബിആർഒ ക്യാംപിലാണ് കനത്ത ഹിമപാതത്തെ തുടർന്ന് മഞ്ഞിടിച്ചിൽ ഉണ്ടായത്.

ഡൽഹിയിൽ നിന്ന് എത്തിച്ച ഗ്രൗണ്ട്-പെനെട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ച് സ്നിഫർ ഡോഗുകൾ, തെർമൽ ഇമേജിങ് കാമറകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ സഹായത്തോടെ സൈന്യം തിരച്ചിൽ നടത്തിവരികയാണ്. പട്രോളിങ്ങിനും തിരച്ചിലിനുമായി മൂന്ന് സൈനിക യൂണിറ്റുകളും സ്ഥലത്തുണ്ട്.

വെള്ളിയാഴ്ച മാനയ്ക്കും മാന പാസിനും ഇടയിലെ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന തൊഴിലാളികളാണ് മഞ്ഞിടിച്ചിലിൽ അപകടത്തിൽപ്പെട്ടത്. മാനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ഉണ്ടായ ഹിമപാതത്തിൽ എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലും 55 തൊഴിലാളികൾ കുടുങ്ങിയതായാണ് സൈന്യം അറിയിച്ചത്.

ഹൈവേകൾ ഉൾപ്പെടെയുള്ള പാതകളിൽ മഞ്ഞ് മൂടിക്കിടക്കുന്നത് രക്ഷാ പ്രവർത്തനത്തിനെ ബാധിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഞായറാഴ്ചയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ 33 പേരെയും ശനിയാഴ്ചയോടെ 17 പേരെയും രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ ഇതുവരെ 50 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.

- Advertisement -
Share This Article
Leave a comment