താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാർത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു.
റിമാൻറിലായ അഞ്ച് വിദ്യാർത്ഥികളുടേയും വീട്ടിൽ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. ഒബ്സർവേഷൻ ഹോമിൽ റിമാൻറിൽ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എൽ സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം. എന്നാൽ ഇത് സ്കൂളിൽ വെച്ച് വേണോ എന്നതിൽ തീരുമാനമായിട്ടില്ല. കുട്ടികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചാൽ പ്രതിഷേധമുയരാൻ സാധ്യതയുണ്ടെന്ന കാര്യം പോലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ അഭ്യർത്ഥന പ്രകാരം ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇവർക്ക് പരീക്ഷ എഴുതാനുള്ള അനുമതി നൽകിയത്.