ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉണ്ടാകും. അതോടുകൂടി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഭൂമി നിയമ വിധേയമാകും. ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു.
കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ കാതലായ മാറ്റം. എന്നാല്‍ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.