ഉത്തർപ്രദേശിൽ അഞ്ചുവയസ്സുകാരിയെ കൊന്ന് കഷണങ്ങളാക്കി മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചു. സീതാപൂരിലെ പോലീസ് സ്‌റ്റേഷനു സമീപമുള്ള വയലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 25ന് വൈകിട്ട് മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. അടുത്ത ദിവസം കുട്ടിയുടെ കാലിന്റെ ഭാഗങ്ങൾ വയലിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് വന്യമൃഗ ആക്രമണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കൊലപാതകമാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.
ഫെബ്രുവരി 27ന് അടുത്തുള്ള വയലുകളിൽ നിന്ന് ഡ്രോൺ നിരീക്ഷണത്തിലൂടെ മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്തി. അറ്റുപോയ ഒരു കാലും നെഞ്ചിന് മുകളിലേക്കുള്ള ശരീരഭാഗത്തിന്റെ അവശിഷ്ടങ്ങളുമാണ് അന്ന് കണ്ടെത്തിയത്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. എന്നാൽ കൃത്യം ചെയ്തത് ആര് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിനായി നിരീക്ഷണ സംഘങ്ങളെ വിന്യസിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.