ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നാർവാലിന്റെ മൃതദേഹം സ്യൂട്ട്കേസിൽ. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപമാണ് സ്യൂട്ട്കേസ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിൽ മൃതദേഹമാണെന്ന് കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. റോത്തഗിലെ വിജയ് നഗർ മേഖലയിലാണ് ഹിമാനിയുടെ വീട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു.
ഹിമാനിയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാർട്ടി എം.എൽ.എ ബി.ബി ബാത്ര ആവശ്യപ്പെട്ടു. പാർട്ടിയുടെ എല്ലാ പരിപാടികളിലും സഹകരിക്കുന്നയാളാണ് ഹിമാനിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുവതിയുടെ മരണത്തിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി.’ഇത്തരത്തിലുള്ള കൊലപാതകവും, സ്യൂട്ട്‌കേസിൽ അവളുടെ മൃതദേഹം കണ്ടെത്തിയതും അങ്ങേയറ്റം സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സംസ്ഥാനത്തിൻ്റെ ക്രമസമാധാന മേഖലയിൽ ഏറ്റ കളങ്കമാണ്. ഈ കേസിൽ ഉയർന്ന തലത്തിലുള്ളതും നിഷ്പക്ഷവുമായ അന്വേഷണം നടക്കണം. കുറ്റവാളികൾ എത്രയും വേഗം കഠിനമായ ശിക്ഷ അനുഭവിക്കണം,” ഹൂഡ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി സംപാല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് വിജേന്ദ്ര സിങ് പറഞ്ഞു.