വൻ കടബാധ്യത തന്നെ കാരണമെന്ന് പൊലീസ്

At Malayalam
2 Min Read

തിരുവനന്തപുരം വെഞ്ഞാറമൂട് കുടുംബത്തിൻ്റെ കൂട്ടക്കൊലപാതകത്തിനു പിന്നിൽ കുടുംബത്തിനുള്ള കനത്ത സാമ്പത്തിക ബാധ്യത തന്നെയാണന്ന് റൂറൽ എസ് പി കെ എസ് സുദർശൻ പറഞ്ഞു. പണം കിട്ടാനുള്ളവർ നിരന്തരമായി പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്നു. ഇതേ തുടർന്ന് കൂട്ട ആത്മഹത്യ ചെയ്യാൻ കുറച്ചു കാലം മുമ്പു തന്നെ കുടുംബം ആലോചിച്ചിരുന്നതായും വെളിപ്പെടുത്തൽ. 14 പേരിൽ നിന്നായി അഫാനും 65 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക ബാധ്യതക്കു പുറമേ കൊലപാതകത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ് പി പറഞ്ഞു.

പ്രതിയായ അഫാൻ അസാധാരണമായ രീതിയിലാണ് പെരുമാറുന്നതെന്നും റൂറൽ എസ് പി പറ‍യുന്നു. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്യും. തുടർന്ന് അയാളുടെ മാനസിക നിലയും പരിശോധിക്കും. പെൺസുഹൃത്തായിരുന്ന ഫർസാനയോട് അഫാന് ഏതെങ്കിലും വിധത്തിലുള്ള വിരോധം ഉള്ളതായി ഇതുവരേയും കണ്ടെത്താനായിട്ടില്ല. താൻ മരിച്ചാൽ പെൺകുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൂട്ട ആത്മഹത്യയുടെ കാര്യമൊന്നും അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നു പുലർച്ചെ നാട്ടിലെത്തിയ അഫാന്റെ പിതാവിൻ്റെ മൊഴിയും പൊലിസ് രേഖപ്പെടുത്തും.

ഇന്നു പുലർച്ചെ തന്നെ അഫാന്‍റെ പിതാവ് റഹീം സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി വെഞ്ഞാറമൂട്ടിലേക്കു പോയി. ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിക്കുകയും ചെയ്തു. താൻ കട്ടിലിൽ നിന്നു വീണു പരിക്കുപറ്റിയതാണെന്നാണ് ഷെമീന റഹീമിനോടും പറഞ്ഞതെന്ന് റഹീമിൻ്റെ ബന്ധു പറഞ്ഞു. ഇളയ മകൻ അഫ്സാനെ കാണണം എന്ന് ഷെമീന വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. അഫാനെയും ഷെമീന അന്വേഷിച്ചു.

ഷെമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അഫാന് ഉണ്ടായിരുന്നത് വലിയ കടബാധ്യതയാണ്. നാട്ടിലുള്ള പരിചയക്കാരായ 14 പേരിൽ നിന്ന് അഫാൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇതിനിടെ വീടു വിറ്റു കടം വീട്ടാനും അഫാന്‍ ശ്രമം നടത്തിയിരുന്നു. കടബാധ്യതകൾ കൈകാര്യം ചെയ്തത് ഷെമീനയും അഫാനും ഒരുമിച്ചായിരുന്നു. കടം നൽകിയവർ നിരന്തരം പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിനു കാരണമായിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്.

- Advertisement -
Share This Article
Leave a comment