വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നടന്ന കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാൻ്റെ മാതാവിൻ്റെ മാതാവായ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് പൊലിസ് സ്റ്റേഷനിലും മറ്റു നാലു കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ് നിലവിലുള്ളത്.

കൊലപാതക പരമ്പരകൾക്കു ശേഷം ആത്മഹത്യ ചെയ്യാനായി എലിവിഷം കഴിച്ചു എന്ന് പ്രതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പ്രതിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് വന്ന ശേഷം മാത്രമാകും തീരുമാനമുണ്ടാവുക.

ഇതിനിടെ, അഫാന്റെ കുടുംബത്തിന് വായ്പ നൽകി എന്നു പറയപ്പെടുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബന്ധുക്കളിൽ നിന്നു മാത്രമല്ലാതെ പുറമെയുള്ളവരിൽ നിന്നും പണം കടം വാങ്ങുകയും അവരുടെ സ്വർണ്ണഭരണങ്ങൾ പണയം വെയ്ക്കുകയും ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വായ്പ നൽകിയവരെ പൊലിസ് , കേസിൽ സാക്ഷികളാക്കും. കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക ബാധ്യതയായതിനാലാണ് ഇവരുടെ മൊഴികൾ കൂടി പൊലീസ് ഇപ്പോൾ ശേഖരിക്കുന്നത്.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലിസിനു മൊഴി നൽകിയിരിക്കുന്നത്. ഇക്കാരണത്താൽ തന്നെയാണ് കൊലപാതകങ്ങൾ നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണവും മുന്നോട്ടു പോകുന്നത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പ്രതി അഫാൻ്റെ മാതാവ് ഷെമിനയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നറിയുന്നു.

- Advertisement -
Share This Article
Leave a comment