തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ ടെർമിനലിൽ നിന്നു വിമാനങ്ങളിലേക്കും തിരിച്ചും എത്തിക്കാൻ ഇനി മുതൽ ഇലക്ട്രിക് ബസുകൾ ഉണ്ടാകും. വിമാനത്താവളത്തിനെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇൻഡിഗോ എയർലൈൻസ് ആണ് നാല് ഇ – പാസഞ്ചർ കോച്ചുകൾ കമ്മിഷൻ ചെയ്തിരിക്കുന്നത്.
ഒരേസമയം 35 യാത്രക്കാരെ കൊണ്ടുപോകാൻ സൗകര്യമുള്ള കോച്ചുകളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾക്ക് ഈ കോച്ചുകൾ ഉപയോഗിക്കും.


എയർപോർട്ടിലെ മറ്റു ഗ്രൗണ്ട് ഹാൻഡ്ലിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും വൈകാതെ ഇ – കോച്ചുകളായി മാറും. ഇതിൻ്റെ ഭാഗമായി എയർപോർട്ടിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന 18 സാധാരണ കാറുകൾ അടുത്തിടെ മാറ്റി ഇ – കാറുകൾ ആക്കിയിരുന്നു.