തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 23 കാരൻ ബന്ധുക്കളെ കൂട്ടക്കൊല ചെയ്തതിനു പിന്നിൽ കുടുംബത്തിൻ്റെ കനത്ത കടബാധ്യതയെന്ന് വിവരം. പ്രതി അഫാൻ്റെ മാതാവായ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കടബാധ്യതയാണ് കൊലപാതകം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടി വരും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്.
മാതാവിനെ അടിച്ചിട്ട ശേഷം പ്രതി പാങ്ങോടാണ് പോയത്. അവിടെ പിതാവിൻ്റെ അമ്മയെ കണ്ട് പണം ചോദിച്ചു. അവർ നൽകിയില്ല. തുടർന്ന് അവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അവർ ഉപയോഗിച്ചിരുന്ന സ്വർണമാലയുമായി പ്രതി വെഞ്ഞാറമൂടെത്തി. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മാല പണയപ്പെടുത്തി 74,000 രൂപ കൈപ്പറ്റി, അതിൽ നിന്നു 40,000 രൂപ താൻ കടംവാങ്ങിയ ആർക്കോ സ്വന്തം അക്കൗണ്ടിൽ നിന്നും അയച്ചു കൊടുക്കുകയും ചെയ്തു.
അടുത്ത ഊഴം പിതൃസഹോദരൻ്റെതായിരുന്നു. അവിടെയുമെത്തി പണം കടം ചോദിക്കുന്നു, അവർ നൽകുന്നില്ല. തുടർന്നു അദ്ദേഹത്തേയും ഭാര്യയേയും കൊലപ്പെടുത്തുന്നു. പിന്നെ അവിടെ നിന്നു മടക്കം. ഇതൊക്കെയാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതിനിടെ പ്രതി എലിവിഷം കഴിച്ചു എന്നറിയിച്ചതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചില സമയങ്ങളിൽ പ്രതി പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും പൊലിസിനെ കുഴയ്ക്കുന്നുണ്ട്. ഡോക്ടർമാരുടെ അനുമതിയോടു കൂടി പ്രതിയേയും അടിയേറ്റ് ചികിത്സയിലുള്ള മാതാവിനേയും പൊലിസ് ചോദ്യം ചെയ്യും.