തെലങ്കാന നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്‌റ്റ് ബാങ്ക് കനാലിലെ തുരങ്കമിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ എട്ടു തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുവാനുള്ള സാധ്യത വളരെക്കുറവാണെന്ന് തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്‌ണ റാവു. അപകടം നടന്ന ഭാഗത്തുനിന്ന് 200 മീറ്ററോളം തുരങ്കത്തിൽ ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമാണ്. അപകടമുണ്ടായ ഭാഗത്തേക്ക് ഡ്രിൽ ചെയ്‌ത് വഴിയുണ്ടാക്കാനും സാധിക്കില്ല. തുരങ്കത്തിന്റെ അറ്റത്തുനിന്ന് അൻപതുമീറ്റർ മാറിയാണ് തുരങ്കം കുഴിക്കാനുള്ള യന്ത്രത്തിന്റെ സ്ഥാനം. ഇതിനപ്പുറമാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.
തൊഴിലാളികളുമായി ഇതുവരെയും ബന്ധം സ്ഥാപിക്കാനായിട്ടില്ല കഴിഞ്ഞിട്ടില്ല. കേന്ദ്ര–സംസ്ഥാനദുരന്ത നിവാരണസേനയുടെയും ഇന്ത്യൻ സൈന്യത്തിന്റെയുമടക്കം മുന്നൂറോളം രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തുണ്ട്. കൂടാതെ നാവികസേനയുടെ മറൈൻ കമാൻഡോസ്, 2023 ലെ ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയവരുടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ ആറംഗസംഘം എന്നിവരും എത്തിയിട്ടുണ്ട്.