പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കും. തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്
ഹൈക്കോടതിയെ അറിയിച്ചു.
പെരിന്തൽമണ്ണ പൊലീസാണ് ജസ്റ്റിസ് രാമചന്ദ്രൻനായരെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകരാണ് പൊലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതെന്ന് അഭിഭാഷകർ ഹർജിയിൽ ആരോപിച്ചിരുന്നു.
തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൊലീസിനോടും സർക്കാരിനോടും റിപ്പോർട്ട് തേടി. ഇതേത്തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മുദ്ര വെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്, ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഒരാൾക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ബോധ്യമായാൽ ഒഴിവാക്കാനുള്ള പ്രൊവിഷൻ ഉണ്ടെന്നും ഡിജിപി അറിയിച്ചു.