ശശി തരൂർ ഇപ്പോൾ ചെയ്തത് തീരെ ശരിയായില്ലെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ഒട്ടും ശരിയായതോ ഔചിത്യപൂർണമോ അല്ല. എക്കാലത്തും ശശി തരൂരിനെ പിന്തുണച്ചിട്ടുള്ള ആളാണ് താനെന്നും കെ സുധാകരൻ പറയുന്നു. തരൂർ കോൺഗ്രസ് പാർട്ടി വിടുമെന്നോ സി പി എമ്മിൽ പോകുമെന്നോ താൻ കരുതുന്നില്ല. തരൂരിന് ഇനിയും അഭിപ്രായങ്ങൾ തിരുത്തി പറയാവുന്നതേയുള്ളു. തന്നെക്കാൾ ഉയർന്ന നിലയിലും വ്യക്തിത്വവുമുള്ള വ്യക്തിയാണ് ശശി തരൂർ. അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളിൽ മറുപടി പറയാനോ തിരുത്താനോ താൻൻ ആളല്ലന്നും സുധാകരൻ പറഞ്ഞു. അതൊന്നും കെ പി സി സി നോക്കേണ്ട കാര്യവുമല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ അദ്ദേഹം തന്നെ തിരുത്തിക്കോട്ടെ. ആരുടേയും പ്രവർത്തികൾ അതിരുവിട്ടു പോകരുതെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതു പറയാനായി മാത്രം നാലു തവണ അദ്ദേഹത്തെ വിളിച്ചിരുന്നു, പക്ഷേ ഫോണിൽ അദ്ദേഹത്തിനെ കിട്ടിയില്ലെന്നും സുധാകരൻ പറയുന്നു.
കേരളത്തില്‍ കോൺഗ്രസിനെ നയിക്കാന്‍ നേതാക്കൾ ഇല്ലെന്ന് വേണമെങ്കിൽ വിമർശിക്കാം. ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളു തന്നെയാണ് അദ്ദേഹം എന്നതിലും സംശയമില്ല. തരൂരിന്‍റെ വിമർശനങ്ങൾ പാർട്ടിക്ക് കരുത്തു നൽകും എന്നു തന്നെയാണ് തൻ്റെ വിശ്വാസം. കെ പി സി സി പ്രസിഡണ്ട് അത്ര പോരാ എന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടെങ്കിൽ താൻ നന്നാവാൻ ശ്രമിക്കാമെന്നും കെ സുധാകരൻ പറഞ്ഞു.