തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ കുറ്റ്യാനി സ്വദേശികളായ ഭമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബാലചന്ദ്രൻ ഭാര്യ ജയകുമാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. എന്നാൽ ഇത്തരം ഒരു കടും കൈ ചെയ്യേണ്ടുന്ന സാഹചര്യമൊന്നും ബാലചന്ദ്രന് ഇല്ല എന്നാണ് അയൽവാസികൾ പറയുന്നത്. 67 കാരനായ ബാലചന്ദ്രൻ ദിവസക്കൂലി പണിക്കാരനാണ്. ആദ്യകാലം മുതൽ തന്നെ ഭാര്യയോട് വലിയ കരുതലും സ്നേഹവുമാണ് ബാലചന്ദ്രനെന്നും നാട്ടുകാർ പൊലിസിനോട് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കോ വലിയ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും തങ്ങൾ കണ്ടിട്ടില്ലെന്നും അവർ പറയുന്നു. പക്ഷേ, ജയകുമാരിയെ ബാധിച്ച കടുത്ത പ്രമേഹ രോഗവും അതിൻ്റെ അസ്വസ്ഥതകളും ബാലചന്ദ്രന് കടുത്ത മാനസിക സമ്മർദം ഉണ്ടാക്കിയിരുന്നതായി അവർ പറയുന്നു.
പ്രമേഹം മൂലം കാഴ്ച ഏകദേശം നഷ്ടപ്പെട്ട ജയകുമാരിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ബാലചന്ദ്രനായിരുന്നു. ജയകുമാരിയെ എടുത്ത് വീടിനു പുറത്തു കൊണ്ടുവന്ന് ഇരുത്തി വിശേഷങ്ങളൊക്കെ ബാലചന്ദ്രൻ പറഞ്ഞു കൊടുക്കുന്നത് പതിവുകാഴ്ചയാണെന്നും അയൽവാസികൾ പറയുന്നു. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ പൊലിസ് ഉദ്യോഗസ്ഥനും രണ്ടാമൻ ഓട്ടോറിക്ഷാ ഡ്രൈവറുമാണ്. മക്കളുമായും നല്ല ബന്ധമായിരുന്നു ഇവർക്കെന്നുമാണ് വിവരം. ഇതിനിടയിൽ ജയകുമാരിക്ക് പാർക്കിൻസൺസ് രോഗവും ബാധിച്ചു. ഇതോടെ ബാലചന്ദ്രൻ മാനസികമായി ഏറെ തകർന്ന നിലയിൽ ആയിരുന്നത്രേ. പ്രിയപ്പെട്ട ജീവിത പങ്കാളിയുടെ വേദന കണ്ട് സഹികെട്ടാവാം ഇത്തരമൊരു കടുംകൈ ബാലചന്ദ്രൻ ചെയ്തത് എന്നാണ് നാട്ടുകാർ പറയുന്നത്. പൊലിസും ഏകദേശം ഇത്തരം ഒരു നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. എന്നാലും കൂടുതൽ വിശദമായ അന്വേഷണം നടത്തി മാത്രമേ സംഭവത്തിൻ്റെ നിജസ്ഥിതി പറയാനാകൂ എന്നും പൊലിസ് പറഞ്ഞു.