സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികളുടെ വാഹനങ്ങൾ അമിതവേഗത്തിൽ തലങ്ങും വിലങ്ങും പാഞ്ഞതിൽ വ്യാപക പരാതി. പരാതി മുൻനിർത്തി മോട്ടോർ വാഹനവകുപ്പും പൊലിസും അന്വേഷണം തുടങ്ങി. വയനാട് ജില്ലയിലെ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് ആളുകളുടെ ജീവൻ കാറ്റിൽ പറത്തി വിദ്യാർഥികൾ അതിക്രമം നടത്തിയത്. പ്ലസ്ടു വിദ്യാർഥികളുടെ സെൻ്റ് ഓഫിനോടനുബന്ധിച്ചാണ് വാഹനങ്ങളുമായി ഇവർ സ്കൂൾ ഗ്രൗണ്ടിലിറങ്ങിയത്.
വിദ്യാർഥികൾ കാറുകളും ഇരു ചക്രവാഹനങ്ങളും പൊടി പറത്തി ശരവേഗത്തിൽ ഗ്രൗണ്ടിൽ ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നു. മറ്റു വിദ്യാർഥികളും നാട്ടുകാരും ജീവൻ കയ്യിലെടുത്ത് ഓടി മാറുന്നതും കാണാം. കൂട്ടപ്പാച്ചിലിനിടയിൽ രണ്ടു വാഹനങ്ങൾ തമ്മിൽ ശക്തമായി ഇടിക്കുകയും ചെയ്തു. സ്കൂളിൽ വിദ്യാർഥികൾ വാഹനങ്ങൾ കൊണ്ടുവരരുത് എന്ന് നിയമം അനുശാസിക്കുന്നുണ്ട്.
അപകടകരമായ രീതിയിൽ വണ്ടിയോടിച്ച വിദ്യാർഥികൾക്കെതിരെ കൽപ്പറ്റ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.