കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് കരൺ അദാനി. വിഴിഞ്ഞത്ത് 20,000 കോടി അധികം നിക്ഷേപിക്കും, കൂടാതെ കൊച്ചിയിൽ 5,000 കോടി ചെലവിൽ ഇ – കോമോഴ്സ് ഹബ്ബും ഉണ്ടാകും. ഇതും കൂടാതെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5,000 കോടി കൂടി നിക്ഷേപിക്കുമെന്നും കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു കൊണ്ട് അദാനി ഗ്രൂപ്പിനു വേണ്ടി കരൺ അദാനി പറഞ്ഞു.
ഡോക്ടർ ആസാദ് മൂപ്പൻ്റെ കീഴിലുള്ള ആസ്റ്റർ ഗ്രൂപ്പ് കേരളത്തിൽ 850 കോടി നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അറിയിച്ചു. ഭക്ഷ്യ സംസ്കരണ രംഗം ലക്ഷ്യം വയ്ക്കുന്ന ലുലു ഗ്രൂപ്പ് അവരുടെ നിഷേപ പദ്ധതികൾ മീറ്റിൻ്റെ അവസാന ദിനമായ ഇന്ന് പ്രഖ്യാപിക്കും. ചെയർമാൻ എം എ യുസുഫലി ഇന്ന് മീറ്റിൽ പങ്കെടുത്ത് പ്രഖ്യാപനം നടത്തും.
തെലങ്കാനയിലെ കൃഷ്ണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾ ഉൾപ്പെടെ ആറ് മൾട്ടി സ്പെഷാലിറ്റി ആശുപത്രികളാണ് കമ്പനി ഉദ്ദേശിക്കുന്നത്.
യു എ ഇ ,ബഹറൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ആവേശത്തോടെയാണ് സംരംഭകർ സ്വീകരിച്ചത്. വ്യവസായങ്ങൾക്കായി ഭൂമി കിട്ടാത്തതിനെപ്പറ്റിയും ചുവപ്പു നാടയെ കുറിച്ചുമൊന്നും ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുതിയ സംരംഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് നിതിൻ ഗഡ്ഗരി , പിയൂഷ് ഗോയൽ എന്നീ കേന്ദ്രമന്ത്രിമാരും പ്രഖ്യാപിച്ചിട്ടുണ്ട്. മൂവായിരത്തിൽ കൂടുതൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മിറ്റിൻ്റെ സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.