വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് അമേരിക്ക സഹായം നൽകിവരുന്നെന്ന ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ട്രംപിന്റെ ഈ അവകാശവാദം “തീർത്തും ആശങ്കാജനക”മാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ട്രംപിന്റെ അവകാശവാദം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലുകൾ ഉണ്ടാകുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി അമേരിക്ക പണം നൽകുന്നതായി ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് (ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി) പുറത്തുവിട്ടിരുന്നു. ഈ സഹായങ്ങൾ നിർത്തലാക്കിയതായും ഡോജ് എക്‌സിൽ അറിയിച്ചു.
21 മില്യണിന്റെ ധനസഹായമാണ് ഡോജ് നിർത്തലാക്കിയത്. ‘‘യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങൾക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്’’ എന്നായിരുന്നു ഡോജ് അറിയിച്ചത്.
സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നികുതിദായകരുടെ പണം “സംശയാസ്പദമായ” വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും മസ്‌ക് സൂചിപ്പിച്ചു.