തിരുവനന്തപുരം ജില്ലയിലെ കല്ലറ നിന്നും ചെറുവാളത്തേക്ക് സർവ്വീസ് നടത്താൻ പെർമിറ്റ് നൽകിയിരിക്കുന്ന സ്വകാര്യബസുകൾ സർവ്വീസ് നടത്തുന്നില്ലെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കല്ലറ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള ചെറുവാളത്ത് എത്താൻ അതിരാവിലെയും രാത്രിയിലും ബസ് സർവ്വീസ് ഇല്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കല്ലറയെത്താൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്ന് പരാതിയിൽ പറയുന്നു.
രാവിലെ 6 നും 6.35 നും സർവ്വീസ് നടത്തേണ്ട സ്വകാര്യ ബസുകൾ ചെറുവാളത്ത് എത്താറില്ലെന്നും പരാതിയുണ്ട്. കല്ലറ നിന്നും രാത്രി 7.25, 7.50, 8.45 എന്ന സമയക്രമത്തിൽ ചെറുവാളത്തേക്ക് സർവ്വീസ് നടത്തേണ്ട സ്വകാര്യബസുകളും സർവ്വീസ് നടത്താറില്ല. പെർമിറ്റിലുള്ള ചെറുവാളം എന്ന ബോർഡ് പ്രദർശിപ്പിക്കാൻ പോലും സ്വകാര്യ ബസുകൾ തയ്യാറല്ലെന്ന് പ്രദേശവാസിയായ എസ് സഹീദ് സമർപ്പിച്ച പരാതിയിൽ പറയുന്നു. മാർച്ച് 15ന് മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്.