അഞ്ചു വർഷമായി ശമ്പളമില്ല, എയ്ഡഡ് സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു

At Malayalam
1 Min Read

താമരശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എയ്ഡഡ് സ്കൂളിൽ കഴിഞ്ഞ 5 വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപിക ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ സ്വദേശിയായ അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത്. 29 വയസായിരുന്നു അലീനയുടെ പ്രായം. കഴിഞ്ഞ 5 വർഷമായി സ്കൂളിൽ ജോലി ചെയ്യുന്ന അലീനയ്ക്ക് 10 പൈസ പോലും ശമ്പളമായി സ്കൂൾ അധികാരികൾ നൽകിയിട്ടില്ലെന്ന് അലീനയുടെ കുടുംബാംഗങ്ങൾ പറയുന്നു. താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള കോടഞ്ചേരി സെൻ്റ് ജോസഫ് എൽ പി സ്കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.

അലീനയ്ക്ക് ജോലി ലഭിക്കുന്നതിനായി 13 ലക്ഷം രൂപ രൂപതയ്ക്കു നൽകിയിരുന്നതായി അലീനയുടെ പിതാവ് പറയുന്നു. പണം നൽകി ആറു വർഷം കഴിഞ്ഞിട്ടും സ്ഥിര നിയമനം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹഅധ്യാപകർ കയ്യിൽ നിന്നു നൽകുന്ന ചെറിയ സഹായങ്ങൾ ആയിരുന്നത്രേ അലീനയുടെ ഏക വരുമാനമെന്നും പിതാവ് പറയുന്നു. ശമ്പളം കിട്ടാത്തതും സ്ഥിര നിയമനം നൽകാത്തതും അലീനക്ക് കടുത്ത മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നതായി കുടുംബം പറയുന്നു. ഇക്കാരണത്താലാണ് അലീന ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.

Share This Article
Leave a comment