ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐ കെ ജി എസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.
മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം പറയും. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിഥിന്‍ ഗഡ്കരി (ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും. യു എ ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ – വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സി ഐ ഐ പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും സംസാരിക്കും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറയും.