ചൂരൽമലയിൽ പുതിയ പാലം, 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

At Malayalam
1 Min Read

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌.

ഇനിയൊരു അപകടമുണ്ടായാൽ പോലും അതിനെ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പുഴയിലുണ്ടായിരുന്ന പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവു തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പുതിയ പാലം പണിയുക.

മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരവും പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക.

2024 ജൂലൈ 30 – നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌.

- Advertisement -
Share This Article
Leave a comment