ഗുജറാത്തിനെതിരായ രഞ്‌ജിട്രോഫി ക്രിക്കറ്റ് സെമിയിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറി (303 പന്തിൽ 149) കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് കേരളം. അസ്ഹറിനൊപ്പം ആദിത്യ സർവാതെയാണ് (22 പന്തിൽ 10) ക്രീസിലുള്ളത്. മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും (202 പന്തിൽ 52) ചേർന്ന് ആറാം വിക്കറ്റിലെടുത്ത 149 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന് മുതൽക്കൂട്ടായത്.
അർധസെഞ്ചുറിയുമായി പ്രതിരോധക്കോട്ടകെട്ടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ (195 പന്തിൽ 69) വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്. രണ്ടാംദിനത്തിലെ രണ്ടാംപന്തിൽത്തന്നെ സച്ചിൻ കൂടാരം കയറി. അർസാൻ നഗ്വാസ്വല്ലയെറിഞ്ഞ ഓവറിൽ ആര്യൻ ദേശായിക്ക് ക്യാച്ച് നൽകിയാണ് സച്ചിന്റെ മടക്കം. കേരളത്തിന്റെ സ്കോർ 355 റൺസിലെത്തി നിൽക്കെ വിശാൽ ജയ്‌സ്വാളിന്റെ പന്തിൽ എൽബിഡബ്ല്യു ആയി സൽമാൻ നിസാർ പുറത്താവുകയായിരുന്നു. തുടർന്ന് കളത്തിലെത്തിയ അഹമ്മദ് ഇമ്രാൻ (66 പന്തിൽ 24) പുറത്തായി.
ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് (71 പന്തിൽ 30) റണൗട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും (68 പന്തിൽ 30) മടങ്ങി.
തുടർന്നെത്തിയ വരുൺ നായനാർക്കും (55 പന്തിൽ 10) അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്. എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. 83 പന്തിൽ 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു.