പാതിവില തട്ടിപ്പുകേസിൽ മുഖ്യപ്രതി അനന്തു കൃഷ്ണന് ഉണ്ടായിരുന്നത് 21 അക്കൗണ്ടുകളെന്ന് ക്രൈംബ്രാഞ്ച്. 143.5 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. പ്രതിയെ രണ്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. 20,163 പേരിൽ നിന്ന് 60,000 രൂപ വീതം ഇയാൾ വാങ്ങിയതായി കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. 4,035 പേരിൽ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റി. ഇങ്ങനെ 143.5 കോടി രൂപയാണ് സമാഹരിച്ചത്. കടവന്ത്രയിൽ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന പേരിൽ ഇയാൾ സ്ഥാപനം നടത്തുന്നുണ്ട്. ഇതിന്റെ 11 അക്കൗണ്ടുകൾ വഴി 548 കോടി രൂപ ക്രെഡിറ്റായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
ഇയാളെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരം പുറത്തുവരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. നിലവിൽ പൊലീസ് കണ്ടെത്തിയതിനേക്കാൾ കൂടുതൽപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കൂടുതൽ സംഘടനകളും വ്യക്തികളും പിന്നിലുണ്ട്. ഇവരെയെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അനന്തുവിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും വിവരശേഖരണം പുരോഗമിക്കുകയാണ്. പരാതിക്കാരുടെയും മൊഴിയെടുക്കും. വിവിധ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത പരാതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു.