ബാങ്ക് മാനേജർ മരമണ്ടനാണെന്ന് റിജോ ആന്റണി

At Malayalam
1 Min Read

ബാങ്കിലെ പണം മുഴുവനായി എടുക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്ന് പ്രതി റിജോ ആന്റണി. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും റിജോ ആന്റണി പറയുന്നു. തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പാക്കിയാണ് ബാങ്കിൽ നിന്നും രക്ഷപെട്ടതെന്നും ഇയാൾ വ്യക്തമാക്കി. പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിയെ ഇന്നലെ രാത്രിയിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ നടത്തിയ തെളിവെടുപ്പിനിടെയാണ് ഇയാൾ ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.

ബാങ്ക് മാനേജർ മരമണ്ടനാണെന്ന് റിജോ പൊലീസിനോട് പറഞ്ഞു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്ന് പിന്മാറിയേനെ എന്നും ഇയാൾ പറഞ്ഞു. അതേസമയം, പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു പോട്ട ഫെഡറൽ ബാങ്ക് മാനേജർ പിജി ബാബുവിന്റെ പ്രതികരണം. പ്രതിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

പിടിയിലായ റിജോയുടെ വീട്ടിൽ ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽ 12 ലക്ഷവും കണ്ടെടുത്തിരുന്നു. മോഷണമുതലിൽ നിന്ന് 2,94,000 രൂപ അന്നനാട് സ്വദേശിക്ക് കടം വീട്ടാൻ നൽകിയിരുന്നു. ഇതിൽ 2,29000 രൂപ അന്നനാട് സ്വദേശി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോ​ഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനുശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

Share This Article
Leave a comment