ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ അപകടമുണ്ടാക്കിയ ക്ഷീണം മറികടക്കാൻ റയിൽവേ ചില അടിയന്തര നടപടികൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി ഇന്ന് പ്രയാഗ് രാജിലേക്ക് അഞ്ച് പ്രത്യേക തീവണ്ടികൾ സര്‍വീസ് നടത്തുന്നുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വിവിധ രീതികളിൽ സഹായിക്കാനുമായി കൂടുതൽ ആർ. പി എഫ്, റെയില്‍വേ പൊലീസ് സേനാംഗങ്ങളെയും വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുമുണ്ട്.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി വൈകിയും വൻ തിരക്കു തന്നെയാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് യാത്രക്കാർ ട്രെയിനുകളിൽ കയറാൻ കഷ്ടപ്പെടുകയാണ്. മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്കുള്ള തീർത്ഥാടകരുടെ തിരക്കിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. പ്ലാറ്റ്‌ഫോമുകളിലും നടപ്പാലങ്ങളിലും യാത്രക്കാർ നിറഞ്ഞു കവിയുകയാണ്. ഉത്തർ പ്രദേശിലെ വിവിധ റയിൽവേ സ്റ്റേഷനുകളിലും പട്ന സ്റ്റേഷനിലും യാത്രക്കാരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.