സാധുവായ വിസകൾ, താമസ പെർമിറ്റുകൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ ഉള്ള ആറ് പുതിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്കു കൂടി വിസ-ഓൺ-അറൈവൽ യു എ ഇ പ്രഖ്യാപിച്ചു. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ പുതിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്കാണ്, 2025 ഫെബ്രുവരി 13 മുതൽ, ഓൺ-അറൈവൽ വിസ അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. മുമ്പ് യോഗ്യത നേടിയിരുന്ന രാജ്യങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയ്ക്ക് പുറമേയാണ് ഈ ആറ് പുതിയ രാജ്യങ്ങൾ.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്തുകാണിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ്, സെക്യൂരിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം പ്രോത്സാഹിപ്പിക്കുക, മികച്ച പ്രതിഭകളെയും നൈപുണ്യമുള്ള തൊഴിലാളികളെയും സംരംഭകരെയും ആകർഷിക്കുക, ഒരു പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.