കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളെജിലെ അതിക്രൂര റാഗിങ്ങിൽ കടുത്ത നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും. നഴ്സിങ് കൗണ്‍സിലിന്‍റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇവരെ കോളെജിൽ നിന്ന് ഡീബാര്‍ ചെയ്യാനും ഇവർക്ക് കേരളത്തിൽ പഠനം തുടരാനാവില്ലെന്നും യോഗത്തിൽ തീരുമാനിച്ചതായി നഴ്സിങ് കൗണ്‍സിൽ അംഗം ഉഷാദേവി അറിയിച്ചു.
കേസിൽ കോളജിലും ഹോസ്റ്റലിലും പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ കണ്ടെത്തിയിരുന്നു. വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കത്തിയും കരിങ്കൽ കഷ്ണങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ഹോസ്റ്റൽ മുറിക്കുള്ളിൽ ഇത്രയും സംഭവികാസങ്ങൾ നടന്നിട്ടും അധികൃതർ ആരും അറിഞ്ഞില്ലെന്നു പറയുന്നതാണ് ഇതിലെ ഏറ്റവും വലിയ ദുരൂഹത. ഇതിനിടെ റാഗിങ്ങിന് ഇരയായ 4 വിദ്യാർഥികൾ കൂടി പരാതി നൽകി. ഇരയാക്കപ്പെട്ട 6 വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു നേരത്തെ പരാതി നൽകിയിരുന്നത്. സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് ശേഖരിച്ചു.
മൂന്നാം വർഷ വിദ‍്യാർഥികളായ കോട്ടയം മുനിലാവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്‍റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി.
മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതെന്നും ജൂനിയർ വിദ്യാർഥികൾ നൽകിയ മൊഴിയിൽ വ്യക്തമാകുന്നു.