നെയ്യാറ്റിൻകരയിലെ സമാധി വിവാദം വീണ്ടും കൊഴുപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കാവുവിളാകം സ്വദേശിയായ ആലുമൂട്ടിൽ ഗോപൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. തലയുടെ വലത് ഭാഗത്ത് മുകളിലായി 5x4x0.3 സെ.മി. വീതിയിലും, മുഖത്ത് വലതുവശത്ത് 6x6x0.3 സെ.മി. വലിപ്പത്തിലും, മുഖത്ത് ഇടതു ഭാഗത്ത് 9x5x0.2 സെ.മി നീളത്തിലും ചതഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. തലച്ചോറ് ചാരനിറത്തിലാണ് കാണപ്പെട്ടതെന്നും നഖങ്ങൾ കറുത്തിരുണ്ടിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാലിലും ശരീരത്തിൻറെ താഴ്ഭാഗങ്ങളിലും പൊള്ളലേറ്റതിൻറെ പാടുകളും കണ്ടെത്തി. ആന്തരീകാവയവങ്ങൾ ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു. തലയോട്ടിക്ക് ക്ഷതമേറ്റിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഹൃദയത്തിലേക്കുള്ള ധമനികളിൽ വലിയ ബ്ലോക്കുകൾ കണ്ടെത്തി. 75 ശതമാനത്തോളം ബ്ലോക്കുണ്ടായിരുന്നു. ഇത് ഹൃദയത്തിലേക്ക് രക്തമെത്തുന്നതിനെ തടസപ്പെടുത്തിയിരുന്നുവെന്നും കൊളസ്ട്രോൾ അടിഞ്ഞുള്ള ബ്ലോക്കും കണ്ടെത്തിയെന്നും റിപ്പോർട്ട് വിശദമാക്കുന്നു. ലിവോർ സിറോസിസ് ബാധിതനായിരുന്നു നെയ്യാറ്റിൻകര ഗോപനെന്നും ഇതിൻറെ ലക്ഷണങ്ങൾ കരളിൽ നിന്നും കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
നെയ്യാറ്റിൻകര ഗോപൻറെ ശരീരത്തിലെ പേശികൾ ദൃഢമായ നിലയിലായിരുന്നില്ലെന്നും ശരീരത്തിൻറെ പിൻഭാഗത്ത് രണ്ട് നിതംബത്തിൻറെയും മുകൾഭാഗത്തെ പേശികളിൽ തവിട്ട് നിറം കലർന്നിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വസനേന്ദ്രിയത്തിൻറെയും ശരീരസ്രവങ്ങളുടെയും സാംപിൾ സൂക്ഷിച്ചിട്ടുണ്ടെന്നും രാസപരിശോധന ഫലം വരേണ്ടതുണ്ടെന്നും ഡോക്ടർമാർ വിശദീകരിച്ചു. ശവകുടീരത്തിൽ നിന്ന് ശേഖരിച്ച ചാരനിറത്തിലെ പൊടി ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനയ്ക്ക് അയച്ചു. രണ്ട് കൈകളിൽ നിന്നും ശേഖരിച്ച നഖം നെഞ്ചിലെ അസ്ഥി എന്നിവ അന്വേഷണ ഉദ്യോഗസ്ഥൻറെ അഭ്യർത്ഥന പ്രകാരം സീൽ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
94 സെൻറീമീറ്റർ നീളത്തിലുള്ള രുദ്രാക്ഷമാല ഗോപൻറെ കഴുത്തിൽ ചുറ്റി ധരിപ്പിച്ചിരുന്നുവെന്നും വലത്തേ കൈത്തണ്ടയിൽ കറുത്ത ചരട് ആറുവട്ടം ചുറ്റിവരിഞ്ഞ് കെട്ടിയിട്ടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.