അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി. വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമാണ് ആന നിൽക്കുന്നത്. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായിരിക്കുകയാണന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ അവശ്യമായ തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് അരിക്കൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന ആനക്കും മതിയാകുമോ എന്ന് വനം വകുപ്പ് ആലോചിക്കുന്നുണ്ട്.
കൊമ്പനെ ചികിത്സിക്കാനായി ചീഫ് വെറ്റേറിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തുന്നുണ്ട്. ആനയെ നിരീക്ഷിച്ചശേഷമാകും ചികിത്സാ പദ്ധതികൾ തീരുമാനിക്കുക.
ആനയെ പിടിയ്ക്കാൻ കഴിഞ്ഞാൽ ചികിത്സയ്ക്കായി കൊണ്ടു പോകേണ്ടുന്ന കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്‍റെ സ്ഥിതി വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കും. രണ്ടു വർഷം മുമ്പ് അരിക്കൊമ്പനായി ഒരുക്കിയ കൂടിന് ചെറിയ ബലക്ഷയം ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ, മൂന്നാറില്‍ നിന്നും യൂക്കാലി മരങ്ങള്‍ കൊണ്ടു വന്ന് പുതിയ കൂടുണ്ടാക്കണമെന്നാണ് വാഴച്ചാല്‍ ഡി എഫ് ഒ ആദ്യം നല്‍കിയ റിപ്പോര്‍ട്ട്. അതിനു കാലതാമസം ഉണ്ടാകുമെന്നതിനാല്‍ പഴയ കൂട് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകുമോ എന്നാണ് ഡോ : അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. കോടനാട്ടെ കൂട് അനുയോജ്യമാണോയെന്ന് വിശദമായി പരിശോധിക്കുകയും ചെയ്യും. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ അരിക്കൊമ്പനായി നിർമ്മിച്ച കൂടാണ് പരിശോധിക്കുന്നത്. കൂട് അനുയോജ്യമെങ്കിൽ ദൗത്യം ഉടൻ തുടങ്ങും. ആനയുടെ ആരോഗ്യ നില അടക്കം കണക്കിലെടുത്താകും തുടർ നടപടികൾ.