തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദലൈലാമയ്ക്ക് രാജ്യവ്യാപകമായി ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കും.
89കാരനായ ആത്മീയ നേതാവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍എഫിനോട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഹിമാചല്‍ പ്രദേശ് പൊലിസിന്റെ മിതമായ സുരക്ഷ മാത്രമാണ് നിലവില്‍ ദലൈലാമയ്ക്കുള്ളത്. കൂടാതെ ഡല്‍ഹിയിലോ മറ്റ് ഏതെങ്കിലും സ്ഥലത്തോ ദലൈലാമ സന്ദര്‍ശനം നടത്തുമ്പോള്‍ ലോക്കല്‍ പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ദലൈലാമയുടെ സുരക്ഷയ്ക്കായി 30 സിആര്‍പിഎഫ് കമാന്‍ഡോമാര്‍ ഉണ്ടായിരിക്കും. മണിപ്പൂരിലെ ബിജെപി സംബീത് പത്രയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.