പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പോലീസ് വാഹനത്തിന്റെ ചില്ലടിച്ച് തകർത്ത യുവതിയും സുഹൃത്തും വിവിധ ലഹരിക്കേസുകളിലെ പ്രതികൾ ആണ്. ഇരുവർക്കുമെതിരേ എറണാകുളം നോർത്തിലും സെൻട്രൽ സ്റ്റേഷനിലും ലഹരി കേസുകളുണ്ട്. പാലാരിവട്ടം സംസ്‌കാര ജങ്ഷനിൽ ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു സംഭവം. പാലാരിവട്ടം സ്വദേശി പ്രവീണും പെൺസുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയുമാണ് നടുറോഡിൽ അക്രമം അഴിച്ചു വിട്ടത്. പ്രവീൺ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാരാണ് പാലാരിവട്ടം പോലീസിനെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികൾ അക്രമം അഴിച്ചുവിട്ടു. പോലീസിന് നേരെ അധിക്ഷേപം നടത്തുകയും കത്തി കാണിച്ച് ഭീഷണി മുഴക്കിയ പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇതിൽ പ്രകോപിതയായ റെസ്ലി പോലീസ് ജീപ്പിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകർക്കുകയായിരുന്നു.
തുടർന്ന് വനിതാ പോലീസിനെ സ്ഥലത്തെത്തിച്ച് റെസ്ലിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ പ്രവീണിനെതിരേ കേസ് എടുത്തിട്ടുണ്ട്. റെസ്ലി പാലാരിവട്ടം പോലീസിന്റെ കസ്റ്റഡിയിലുമാണുള്ളത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
നഗരത്തിൽ ലഹരി സംഘങ്ങൾ വിലസാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ദിനംപ്രതി പലയിടങ്ങളിലായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. വ്യാഴാഴ്ച്ച രാത്രി പാലാരിവട്ടത്തേതിന് പുറമേ മട്ടാഞ്ചേരിയിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. മട്ടാഞ്ചേരിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകൾ അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത് ഇക്കഴിഞ്ഞ രാത്രിയാണ്.
മട്ടാഞ്ചേരി കരുവേലിപ്പടി ആർ.കെ. പിള്ള റോഡിലാണ് സംഭവം. സമീപവാസികളായ ഉവൈസ്, സഫ്വാൻ, അജ്മൽ, എന്നിവരുടെ കാറുകളും മുഹമ്മദ് ഷമീറിന്റെ ഓട്ടോയുടെയും ചില്ലുമാണ് തകർത്തിരിക്കുന്നത്. സ്ഥിരമായി ഈ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാറുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ നാല് മണിയോടെ ഒരാൾ കാറുകൾ ചില്ലെറിഞ്ഞ് തകർക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.