മക്കൾ നീതി മയ്യം നേതാവും തമിഴ് നടനുമായ കമൽഹാസൻ രാജ്യസഭയിലേക്കെത്തിയേക്കുമെന്ന് സൂചന. ജൂലൈയിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ നിന്ന് ഡിഎംകെയുടെ ടിക്കറ്റിലാവും കമൽഹാസൻ മത്സരിക്കുക. ഇതുസംബന്ധിച്ച കാര്യം സംസാരിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശ പ്രകാരം മന്ത്രി ശേഖർ ബാബു നടനുമായി കൂടിക്കാഴ്ച നടത്തി.
ഡിഎംകെയുമായുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്ഥാനാര്‍ഥിയായി കമല്‍ മത്സരിച്ചിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽ രംഗത്തിറങ്ങിയതുമാണ്. എന്നാൽ ഡിഎംകെയുടെ ആവശ്യപ്രകാരം കമൽ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ഡിഎംകെയ്‌ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണ് കമൽഹാസന് പാർട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിയമസഭയിലെ അംഗബലം പ്രകാരം നിലവിൽ നാല് പേരെ ഡിഎംകെയ്‌ക്ക് രാജ്യസഭയിലേക്ക് അയക്കാൻ ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽ നിന്ന് കമൽ ഹാസനെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് ഡിഎംകെ അറിയിച്ചിട്ടുണ്ട്.