ശബരിമല മേല്‍നോട്ടത്തിന് മുഖ്യമന്ത്രി ചെയർമാനായി വികസന അതോറിറ്റി

At Malayalam
6 Min Read

ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെയര്‍മാനും ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ വൈസ് ചെയര്‍മാനും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ ഒരു സംവിധാനം രൂപീകരിക്കുന്നതിൻ്റെ സാധ്യത സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയിൽ പറഞ്ഞു.

കെ യു ജനീഷ് കുമാര്‍ എം എല്‍ എ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ശബരിമല വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടല്‍ സംബന്ധിച്ചായിരുന്നു എം എൽ എ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍, നടത്തിപ്പ് എന്നിവ M / S EIGHTEENTH STEP DAMODAR CABLE CARS PRIVATE LIMITED എന്ന കമ്പനിയുമായി റവന്യൂ ഷെയര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാര്‍ത്ഥ്യമാകുന്നതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം പൂര്‍ണമായും റോപ് വേ ഉപയോഗപ്പെടുത്തിയാകും നടത്തുക. റോപ് വേ പദ്ധതിക്കായി പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള 4.5336 ഹെക്ടര്‍ വനഭൂമി ഡൈവേര്‍ട്ട് ചെയ്യേണ്ടിവരുമെന്നതിനാല്‍ പ്രസ്തുത വനഭൂമിയ്ക്ക് പകരമായി കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴയില്‍ റവന്യൂ, വനം വകുപ്പുകള്‍ക്ക് സ്വീകാര്യമായ ഭൂമി കണ്ടെത്തുകയും പ്രസ്തുത ഭൂമി പരിഹാര വനവത്കരണത്തിനായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. വനം, വന്യജീവി ക്ലിയറന്‍സ് എന്നിവയ്ക്കായി സംയുക്ത പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണന്നും മന്ത്രി അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് സംതൃപ്തമായ തീര്‍ത്ഥാടന അനുഭവം നല്‍കുന്നതിനാവശ്യമായ സ്ഥായിയായ അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശബരിമല മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് 2050 വരെയുള്ള വികസന പദ്ധതികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍പ്ലാൻ ലക്ഷ്യമിടുന്നതന്നും മന്ത്രി.

- Advertisement -

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ച 2011 – 2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്‍റെ ലേ ഔട്ട് പ്ലാനിന് 2020ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഹൈപ്പവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികള്‍ എല്ലാം വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സന്നിധാനത്തിന്‍റെയും പമ്പ & ട്രെക്ക് റൂട്ടിന്‍റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. അതൊടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാന്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്‍റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാന്‍ മുന്നോട്ട് വയ്ക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സന്നിധാനം മേഖലയെ എട്ടു സോണുകളായി തിരിച്ചാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്‍റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്മെന്‍റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകള്‍ ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളും കാല്‍നടയാത്രക്കാരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുവാന്‍ പെരിഫറല്‍ റിംഗ് റോഡ് നിര്‍ദ്ദേശിക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഭാഗം വാഹന നിരോധന മേഖലയായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തെക്ക് നിന്നും വടക്ക് നിന്നുമായി രണ്ട് പ്രധാന എന്‍ട്രി പോയിന്‍റുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തീര്‍ത്ഥാടകരുടെ അകത്തേക്കും പുറത്തേക്കും കടക്കുന്ന റൂട്ടുകളിലെ ആശയക്കുഴപ്പം, സംഘര്‍ഷം എന്നിവ കുറയ്ക്കുന്നതിനായി വിവിധ എക്സിറ്റ് റൂട്ടുകളും ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ശബരിമല സന്നിധാനത്തിന്‍റെ വികസനത്തിനായി 2022 – 2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും 2028 – 2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034 – 2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്ത് നിന്നു തിരിച്ച് ഇറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പമ്പ മേഖലയെ ലേ ഔട്ട് പ്ലാനില്‍ ഒമ്പത് സോണുകളായി തിരിക്കുകയും കേരളത്തിന്‍റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിട്ടുണ്ട്. പമ്പ മണല്‍പുറം, ഹില്‍ടോപ്പ്, ത്രിവേണി പാലം എന്നിവിടങ്ങളില്‍ നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിന്‍റെ പൂര്‍ണ്ണമായ കാഴ്ചകള്‍ ലഭിക്കത്തക്കവിധത്തില്‍ കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തുന്നതിനും ലേ ഔട്ട് പ്ലാനില്‍ നിര്‍ദ്ദേശമുണ്ട്.
കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയാണ് ട്രെക്ക് റൂട്ടിന്‍റെ ലേ ഔട്ട് പ്ലാനില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത് അതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനായി ട്രെക്ക് റൂട്ടിന് ഇരുവശത്തും ബഫര്‍ സോണ്‍ സ്ഥാപിച്ചിട്ടുണ്ട്. ചെറുതോ താത്കാലികമോ ആയ നിര്‍മ്മിതികള്‍ക്ക് പരിമിതമായ അനുമതി ബഫര്‍ സോണില്‍ അനുവദിക്കും കൂടാതെ തീര്‍ത്ഥാടകര്‍ക്കുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്നതിനായി ബഫര്‍ സോണിനുള്ളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും ട്രെക്ക് റൂട്ടിന്‍റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1033.62 കോടി രൂപയാണ്.
ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2025-2030 കാലയളവില്‍ 31496 ലക്ഷം രൂപയുടെ പദ്ധതികളാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

ശബരിമല മാസ്റ്റര്‍പ്ലാനില്‍ 2025-2030 കാലയളവില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍.

  1. പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന സുരക്ഷാപാലം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 3190 ലക്ഷം രൂപ)
  2. നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. (2840 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്)
  3. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍. (994 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്)
  4. നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 14500 ലക്ഷം രൂപ)
  5. ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മ്മാണം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 9600 ലക്ഷം രൂപ)
  6. ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവൃത്തി. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 372 ലക്ഷം രൂപ))
    കൂടാതെ ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടക നിര്‍ഗമന പാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.
Share This Article
Leave a comment