ഇടുക്കി ജില്ലയിലെ പെരുവന്താനത്ത് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് ഇന്നലെ നടപടിക്രമങ്ങൾ ഒന്നും തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മകൾക്ക് ജോലിയും നൽകാം എന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചതിനെ തുടർന്ന് ഇന്നു പുലർച്ചെയാണ് പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചത്.
ഇന്നലെ വൈകീട്ട് പെരുവന്താനത്തിനു സമീപം കൊമ്പൻ പാറയിലാണ് നെല്ലിവിളയിൽ സോഫിയ (45) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും. താത്ക്കാലികമായാണ് പ്രതിഷേധ പരിപാടികൾ അവസാനിപ്പിക്കുന്നതെന്നും വന്യമൃഗശല്യം ഇല്ലാതാക്കുന്നതിനുള്ള സത്വര നടപടികൾ ആവശ്യപ്പെട്ട് സമരം തുടരുമെന്നും നാട്ടുകാർ പറയുന്നു.
ഈ മാസം 2 പേരാണ് ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച മറയൂരിൽ വിമലൻ എന്നൊരാളെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു. ഈ വർഷം ഇതുവരെ 7 പേർ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.