അനന്തു കൃഷ്ണൻ പണം വൻ തിരിമറി നടത്തി എന്നു കണ്ടെത്തൽ

At Malayalam
2 Min Read

പാതിവില തട്ടിപ്പിൽ കിട്ടിയ പണം സ്വന്തം പേരിൽ സ്ഥാപനങ്ങളുണ്ടാക്കിയും മറ്റ് ആവശ്യങ്ങൾക്കായി അനന്തു കൃഷ്ണൻ മറിച്ച് ചെലവാക്കിയതായും പൊലീസ് കണ്ടെത്തി. കൊച്ചി ആസ്ഥാനമായി രജിസ്റ്റർ ചെയ്ത സോഷ്യൽ ബി എന്ന സ്ഥാപനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അനന്തു കൃഷ്ണന്റെയും രാധാകൃഷ്ണൻ എന്നയാളുടെയും പേരിലാണ് സ്ഥാപനം രൂപീകരിച്ചത്. പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികൾ സോഷ്യൽ ബിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് വിവരം. അനന്തുവിൻ്റെ അറസ്റ്റിനു പിന്നാലെ സോഷ്യൽ ബി ഓഫീസ് പൂട്ടി കിടക്കുന്ന നിലയിലാണ്.

കോടികളുടെ പാതിവില തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി വിവിധ ഇടങ്ങളിൽ നിന്നും പരാതികൾ ഉയർന്നിട്ടും ഇതുവരേയും ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടില്ല. 60 കോടി രൂപയുടെ പരാതികളിലാണ് സംസ്ഥാനത്താകെ ഇതുവരെ പൊലീസ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്. എന്നാൽ 19 അക്കൗണ്ടുകൾ വഴി പണം തട്ടിയെന്നാണ് കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുമെന്ന ധാരണയിൽ ജില്ലകൾ തോറുമുള്ള പോലീസ് അന്വേഷണം അത്ര കാര്യക്ഷമമല്ലെന്നു മാത്രമല്ല പല പരാതികളിലും കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറായില്ല എന്നും വ്യാപകമായ പരാതിയുണ്ട്.

ഒരു കോടി രൂപക്കു മുകളിലുള്ള സാമ്പത്തിക തട്ടിപ്പാണെങ്കിൽ ജില്ലാ ക്രൈം ബ്രാഞ്ചും അഞ്ചു കോടിക്ക് മുകളിലാണെങ്കിൽ സംസ്ഥാന ക്രൈം ബ്രാ‌ഞ്ച് സാമ്പത്തിക അന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നതാണ് കീഴ് വഴക്കം. സംസ്ഥാനത്തു നിന്നാകെ 100 ഓളം എഫ് ഐ ആറും വന്നു. 14 ജില്ലകളിലും അനന്തു കൃഷ്ണൻ തട്ടിപ്പു നടത്തിയിട്ടുണ്ട്. അനന്തുവിന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 33000 പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സ്കൂട്ടറും തയ്യൽ മെഷീനും ലാപ് ടോപ്പും രാസവളവുമടക്കം നൽകാനുള്ള വാഗ്ദാനമായിരുന്നു തട്ടിപ്പിന് ഉപപയോഗിച്ചിരുന്നത്.

തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ വമ്പൻമാരുടെ വലിയ നിര തന്നെയുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും അനന്തു കൃഷ്ണന്‍റെ ഇടപാടിനെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കുടുംബശ്രീ, പൊലീസ് അസോസിയേഷൻ, ജനപ്രധിനിധികളുടേതടക്കമുള്ള വിവിധ സഹായ പദ്ധതികൾ വരെ തട്ടിപ്പിന് ഉപയോഗിച്ചു. കോഴിക്കോട് പൊലീസ് അസോസിയേൻ വഴിയും കണ്ണൂർ പൊലീസ് സഹകരണ സംഘം വഴിയും തയ്യൽ മെഷീനും ലാപ്ടോപ്പുമടക്കം പാതിവിലയ്ക്ക് അനന്തു നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് വൻ തട്ടിപ്പ് നടന്നതെന്ന വിവരവും പുറത്തു വന്നു.

- Advertisement -
Share This Article
Leave a comment