പാതിവില തട്ടിപ്പിനെ സംബന്ധിച്ച് മാസങ്ങൾക്കു മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള വിവരങ്ങൾ പുറത്ത്. സി എസ് ആർ ഫണ്ടിന്‍റെ പേരിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് 2024 ജൂലൈയിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നത്. അനന്തു കൃഷ്ണൻ എന്ന വ്യക്തി ചില വിശ്വാസ വഞ്ചനാ കേസുകളിൽ പ്രതിയാണന്നും ആ റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം അത്യാവശ്യമാണന്നും അല്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ്ടമാകാൻ സാധ്യത ഉണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാൽ ഈ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിട്ടില്ല എന്നാണ് തുടർന്നുണ്ടായ സംഭവങ്ങളിലൂടെ മനസിലാക്കേണ്ടത്. ഇതാണ് വലിയ തട്ടിപ്പിലേക്ക് കാര്യങ്ങൾ ചെന്നെത്തിച്ചതന്ന് വേണം കരുതാൻ.
പാതിവില തട്ടിപ്പു വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ എഫ് ഐ ആർ ഇട്ടിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. പല സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട് ഇതിനകം പരാതികൾ കുന്നുപോലെ കൂട്ടമായിട്ടെത്തുകയും ചെയ്തു. എന്നാൽ ഒന്നോ രണ്ടോ പരാതികളിൽ മാത്രം എഫ് ഐ ആർ ഇട്ട് പരാതിക്കാരെ മടക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. ഇതിനിടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നതിനാൽ നിലവിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്നും വിമർശനമുയരുന്നുണ്ട്.